scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 21, 2012

അറബ് വസന്തത്തിനൊരാമുഖം


അറബ് വസന്തത്തിനൊരാമുഖം


വായന ... ഷാജഹാന്‍ മാടമ്പാട്ട്

വി.എ. കബീര്‍ രചിച്ച ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’- സമയോചിതവും ഏറക്കുറെ സമഗ്രവുമെന്നതിനോടൊപ്പം- മൂന്നു കാരണങ്ങളാല്‍ ശ്രദ്ധേയമാവുന്നു.
ഒന്നാമതായി, മൗലികസ്രോതസ്സുകളെ ഉപജീവിച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നത്. സാധാരണ ഇംഗ്ളീഷിലും മലയാളത്തിലും അറബ് രാഷ്ട്രീയത്തെക്കുറിച്ചിറങ്ങുന്ന മിക്ക രചനകളും ഇംഗ്ളീഷിലുള്ള ദ്വിതീയ സ്രോതസ്സുകളെ ആശ്രയിച്ചാണ് എഴുതപ്പെടാറ്. ഗ്രന്ഥകാരന്‍െറ അറബിപാണ്ഡിത്യവും അറബ് പ്രസിദ്ധീകരണങ്ങളുമായുള്ള വിപുലമായ പരിചയവും ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’ക്ക് ആധികാരികത പകരുന്നു. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ ഒരിക്കലും കാണാനിടയില്ലാത്ത, അറബ് രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ നിര്‍ണായകമായ പല വിവരങ്ങളും ഈ പുസ്തകത്തിലുടനീളമുണ്ട്.


രണ്ടാമത്തെ സവിശേഷത വിഷയപരമായ സങ്കീര്‍ണതകളെയും സന്ദിഗ്ധതകളെയും അനാദൃശമായ കൈയടക്കത്തോടെ കൈകാര്യം ചെയ്യാനും വായനക്കാരന് ലളിതമായി, എന്നാല്‍ ആഴവും പരപ്പും ഒട്ടും കുറക്കാതെ, അറബ് വിപ്ളവങ്ങളുടെ ചരിത്രസന്ദര്‍ഭം വിവരിച്ചുകൊടുക്കാനും ഗ്രന്ഥകാരനാകുന്നുണ്ടെന്നതാണ്. അറബ് രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് 2011ല്‍ ഒരു പുസ്തകമെഴുതുക ദുഷ്കരമായ ഒരു ദൗത്യമാണ്. വിപ്ളവങ്ങള്‍ പകുതിവഴിയില്‍പോലുമത്തെിയിട്ടില്ല. വിപ്ളവത്തിനോ പ്രക്ഷോഭത്തിനോ വേദിയായ ഓരോ രാജ്യത്തെയും സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മറ്റു രാജ്യങ്ങളില്‍നിന്ന് മൗലികമായിത്തന്നെ വിഭിന്നങ്ങളാണ്. വിരാമചിഹ്നംപോയിട്ട് അര്‍ധവിരാമചിഹ്നംപോലുമിടാനാകാത്ത അവസ്ഥയാണ് ഓരോ രാജ്യത്തുമുള്ളത്. സ്വേച്ഛാധിപത്യം നിലംപതിച്ച ഈജിപ്തില്‍ പഴയ വ്യവസ്ഥയുടെ തലമാത്രമേ പോയുള്ളൂ; ഉടല്‍ ഒരു പരിക്കുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നു മാത്രമല്ല, ഇടക്കാല ഭരണത്തിന് സ്വേച്ഛാധിപത്യരീതിയില്‍ത്തന്നെ നേതൃത്വം നല്‍കുകയും ചെയ്യുന്നു. ലിബിയയില്‍ പഴയ വ്യവസ്ഥ പൂര്‍ണമായി കടപുഴക്കിയെറിഞ്ഞുവെങ്കിലും ഗോത്രവൈരത്തിന്‍െറ ഭീഷണസാധ്യതകള്‍ ഒരുഭാഗത്തും പാശ്ചാത്യ രാഷ്ട്രീയ ഇടപെടലിന്‍െറ വിനാശഫലങ്ങള്‍ മറുഭാഗത്തും ആ രാജ്യത്തെ തുറിച്ചുനോക്കുന്നു. ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നിവിടങ്ങളില്‍ സ്വേച്ഛാധിപതികളെ സ്ഥാനഭ്രഷ്ടരാക്കുന്നതില്‍ പ്രക്ഷോഭകാരികള്‍ വിജയിച്ചു. യമനില്‍ അലി അബ്ദുല്ല സാലിഹ് ഒരു കാല്‍ അധികാരത്തിലും മറു കാല്‍ പുറത്തുമായി നിലകൊള്ളുന്നു. സിറിയ ചോരപ്പുഴയായി തുടരുന്നു. ബഹ്റൈന്‍ അയല്‍ക്കാരുടെ സഹായത്തോടെ പ്രക്ഷോഭത്തെ ഒതുക്കിക്കഴിഞ്ഞു. സൗദി അറേബ്യയും ഒമാനുമൊക്കെ അടിച്ചമര്‍ത്തലിലൂടെയോ അനുനയത്തിലൂടെയോ സമരത്തെ മുളയിലേ നുള്ളിക്കളഞ്ഞു. ഇത്രയേറെ സങ്കീര്‍ണമായ, സുനിശ്ചിതമായ വിധിയെഴുത്തുകളോ ഫലനിര്‍ണയമോ അസാധ്യമായ ഒരു വിഷയത്തെ അസൂയാര്‍ഹമായ വ്യക്തതയോടെയും ചരിത്രബോധത്തോടെയും അപഗ്രഥിക്കാനും ഗ്രന്ഥകാരന് കഴിയുന്നുണ്ട്.
Egypt Protests Anti vs Pro Mubarakമൂന്നാമത്തെ സവിശേഷത, അറബ് ലോകത്തെക്കുറിച്ചുള്ള മിക്ക മാധ്യമ-അക്കാദമിക സമീപനങ്ങളെയും വികലമാക്കുന്ന ഒരു പ്രവണതയില്‍നിന്ന് ഈ ഗ്രന്ഥം പൂര്‍ണമായും വേറിട്ടുനില്‍ക്കുന്നുവെന്നതാണ്. അറബ്ലോക പഠനങ്ങളില്‍ മിക്കവയും ഒന്നുകില്‍ അറബ്ജനതയെ ഏകശിലാരൂപമാര്‍ന്ന ഒറ്റ ഏകകമായി കാണുകയോ അല്ളെങ്കില്‍ ഓരോ രാജ്യത്തെയും പൂര്‍ണമായി വേറിട്ട, മറ്റ് അറബ്രാജ്യങ്ങളുമായി പൊതുഘടകങ്ങള്‍ പങ്കിടാത്ത സ്വതന്ത്രഘടനയായി പരിഗണിക്കുകയോ ചെയ്യാറാണ് പതിവ്. തമ്മില്‍ തമ്മില്‍ വ്യത്യാസങ്ങളില്ലാത്ത, ഒരേ മാനദണ്ഡമുപയോഗിച്ച് വിലയിരുത്താവുന്ന ഒരാള്‍ക്കൂട്ടമായി മൊത്തം അറബ്ജനതയെ കാണുന്നത് പാശ്ചാത്യ പത്രപ്രവര്‍ത്തനത്തിലെ സ്ഥിരം പ്രവണതയാണ്. അക്കാദമിക പഠനങ്ങള്‍, പ്രത്യേകിച്ച് പ്രാദേശിക പഠനങ്ങള്‍ (Area studies) ഓരോ രാജ്യത്തെയും പൂര്‍ണമായും വേറിട്ട് സ്വന്തവും സ്വതന്ത്രവുമായി വര്‍ത്തിക്കുന്ന ഘടനയായി വിവരിക്കുന്നു. ആദ്യത്തെ സമീപനം ‘അറബ് ജനത’യെന്ന ലഘുസങ്കല്‍പനത്തിലൂന്നുമ്പോള്‍ രണ്ടാമത്തേത് ‘ദേശീയ രാഷ്ട്ര’ത്തിന് അതര്‍ഹിക്കാത്തത്ര നിര്‍ണായകത കല്‍പിക്കുന്നു. നാം വിലയിരുത്തുന്ന പുസ്തകം ഈ രണ്ടു ചതിക്കുഴികളെയും വിദഗ്ധവും പണ്ഡിതോചിതവുമായി മറികടക്കുന്നു. പൊതുവായ ഘടകങ്ങളും സവിശേഷഘടകങ്ങളും തമ്മിലുള്ള കൂട്ടിക്കുഴച്ചിലിന്‍െറ പൂര്‍ണമായ അഭാവം ഈ പുസ്തകത്തിന്‍െറ ശക്തിയാണ്. മുഖ്യധാരാ പത്രപ്രവര്‍ത്തകനോ അക്കാദമീഷ്യനോ അല്ലാത്തത് ഗ്രന്ഥകാരന്‍െറ വീക്ഷണത്തിന് അപൂര്‍വമായ വ്യക്തതയും സ്പഷ്ടതയും നല്‍കുന്നു. അറബിഭാഷയിലുള്ള പാണ്ഡിത്യവും പരിചയവും ആ വ്യക്തതക്ക് ജ്ഞാനപരമായ ആഴവും പരപ്പുമുണ്ടാക്കുന്നു. അബ്ദുറഹ്മാന്‍ കവാക്കബിയുടെ പ്രസ്താവനയിലാണ് ഈ പുസ്തകം തുടങ്ങുന്നതെന്നതുതന്നെ എത്രമാത്രം ചരിത്രബോധം ഇതിന്‍െറ രചനക്ക് പ്രചോദനമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ‘ഏകാധിപത്യത്തിന്‍െറ ലക്ഷണങ്ങ’ളെന്ന വിഖ്യാത ഗ്രന്ഥം പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ അവസാന ദശകത്തില്‍ എഴുതിയ സിറിയന്‍ ചിന്തകനായ കവാക്കബി അറബ് ആധുനികതയുടെ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ്. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, കവാക്കബി, റഫഅ് റാഫിഅ് ത്വഹ്ത്വാവി തുടങ്ങിയവരുടെ രചനകള്‍ ഇന്നത്തെ അറബ് അവസ്ഥയെ ചരിത്രവത്കരിച്ച് മനസ്സിലാക്കാന്‍ അനിവാര്യമാണ്.


അറബ് രാഷ്ട്രീയ ചരിത്രത്തില്‍ അറിവുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരേപോലെ പ്രയോജനപ്രദമായ പുസ്തകമാണ് ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’.
വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ വിവരിക്കുന്നതിനോടൊപ്പം പഴയകാല ചരിത്രത്തിലൂടെ ദ്രുതപ്രദക്ഷിണം നടത്താനും ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നുണ്ട്. തുനീഷ്യ, സിറിയ, ലിബിയ, ഈജിപ്ത്, യമന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെക്കുറിച്ചുള്ള വേറിട്ട അധ്യായങ്ങള്‍, ഗള്‍ഫ് മേഖലയെപറ്റി ഒരു പൊതു അധ്യായം, സമഗ്രസ്വഭാവമുള്ള മുഖവുര-ഈ പുസ്തകത്തിന്‍െറ ഘടന ഇതിന് അങ്ങേയറ്റത്തെ പാരായണക്ഷമതയും യുക്തിഭദ്രതയും നല്‍കുന്നുണ്ട്.

Sheik Yusuf Qaradawi speaks in Cairo

ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തോടുള്ള ഗ്രന്ഥകാരന്‍െറ ആഭിമുഖ്യം മറച്ചുവെക്കാന്‍ മിനക്കെടുന്നില്ളെങ്കിലും അത് വസ്തുനിഷ്ഠവും സമഗ്രവുമായ സമീപനം സ്വീകരിക്കുന്നതിന് വിഘാതമാവുന്നതേയില്ല. ഇസ്ലാമിസ്റ്റുകള്‍ക്ക് സമാരാധ്യനായ യൂസുഫുല്‍ ഖറദാവിപോലുള്ള പണ്ഡിതരുടെ ഇരട്ടത്താപ്പിനെയും വിഭാഗീയ മുന്‍വിധികളെയും വിമര്‍ശാത്മകമായി വിലയിരുത്താനും ഗ്രന്ഥകാരന്‍ സന്നദ്ധനാവുന്നുണ്ട്. തെഹ്രീര്‍ ചത്വരത്തില്‍ വിപ്ളവപൂര്‍ത്തിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം കൊടുക്കുകയും വിപ്ളവകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഖറദാവി ബഹ്റൈന്‍ പ്രക്ഷോഭകാരികളോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചത്. സുന്നികള്‍ക്കെതിരിലുള്ള ശിയാമുന്നേറ്റമായാണ് ബഹ്റൈന്‍ പ്രക്ഷോഭത്തെ ഖറദാവി കണ്ടത്. ‘‘ഈ പ്രസ്താവനയിലൂടെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷന്‍ എന്ന ഉന്നതസ്ഥാനത്തുനിന്ന് ഗള്‍ഫ് പണ്ഡിതനായി ഖറദാവി ചുരുങ്ങിപ്പോയി എന്ന് ഖേദപൂര്‍വം പറയേണ്ടിവരും’’ എന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത് തീര്‍ത്തും ശരിയാണ്. ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും ഇത്തരം ഇരട്ടത്താപ്പില്‍നിന്ന് വിമുക്തരല്ളെന്ന് പറയാനുള്ള ആര്‍ജവവും ഗ്രന്ഥകര്‍ത്താവ് കാണിക്കുന്നുണ്ട്. ‘‘ജംഇയ്യതുല്‍ ഇസ്ലാഹ് എന്ന പൊതുബാനറില്‍ കുവൈത്തിലും ബഹ്റൈനിലും യു.എ.ഇയിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് ചിന്താഗതി പുലര്‍ത്തുന്ന എല്ലാ സംഘടനകളും ഇറാന്‍പേടിയുടെ ഇരകളാണ്’’ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


ചരിത്രപരത, വസ്തുതകളുടെയും വിവരങ്ങളുടെയും സമൃദ്ധി, സമഗ്രമായ കടപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. പുസ്തകത്തിന്‍െറ അടുത്ത പതിപ്പില്ളെങ്കിലും ഉള്‍പ്പെടുത്തേണ്ട ചില വശങ്ങള്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുകയാണ്. ഒരു വിമര്‍ശമായല്ല നിര്‍ദേശമെന്ന നിലക്കാണ് ഇത് സൂചിപ്പിക്കുന്നത്. മൂന്നു സംഗതികള്‍ അറബ് രാഷ്ട്രീയത്തിന്‍െറ അപഗ്രഥനത്തില്‍ ഒഴിച്ചുകൂടാത്തവയാണ്. അവ മൂന്നും കുറെക്കൂടി വിശദമായി അടുത്ത പതിപ്പില്‍ കൈകാര്യം ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും.

അറബ് സൈനിക വ്യവസ്ഥയുടെ സാമൂഹികഘടനയാണ് അവയില്‍ ഏറ്റവും പ്രധാനം. ജനകീയ പ്രക്ഷോഭങ്ങളുടെ ഫലനിര്‍ണയത്തില്‍ ഏറ്റവും നിര്‍ണായകമായ ഘടകം അതത് രാജ്യങ്ങളിലെ സൈന്യത്തിന്‍െറ ഘടനയാണ്. സൈന്യ-സുരക്ഷാഘടന എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.


മൂന്നുതരം സൈനിക ഘടനകളാണ് അറബ്ലോകത്തുള്ളത്.

  1. പ്രായേണ പ്രഫഷനല്‍ സ്വഭാവമുള്ള ദേശീയതാബോധത്താല്‍ പ്രചോദിതമായ സൈനിക ഘടനയാണ് അവയിലൊന്ന്. തുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ദേശീയ സൈന്യങ്ങളായതിനാല്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളും വ്യവസ്ഥാമാറ്റങ്ങളും ഇവയില്‍ അതിജീവനഭീതി ഉണര്‍ത്തുന്നില്ല. രാഷ്ട്രീയക്രമം മാറിയാലും സൈന്യമെന്ന നിലക്ക് തങ്ങള്‍ക്ക് തങ്ങളുടേതായ പങ്കും പ്രാധാന്യവും പുതിയ രാഷ്ട്രീയ ക്രമത്തിലും ലഭിക്കുമെന്ന് ഇവക്കുറപ്പുണ്ട്. വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടവയല്ലാത്തതുകൊണ്ട് ദേശീയതാല്‍പര്യം ഈ സൈന്യങ്ങള്‍ സര്‍വോപരി പ്രധാനമായി കാണുന്നു. തുനീഷ്യയില്‍ ഈജിപ്തിലും താരതമ്യേന സമാധാനപൂര്‍ണമായ വിപ്ളവപൂര്‍ത്തി സാധ്യമായത് ഇതുകൊണ്ടാണ്. 
  2. കുടുംബവാഴ്ചയുടെ ഭാഗമായും അതിന്‍െറ ശാശ്വതീകരണത്തിനായും സൂക്ഷ്മമായി സംവിധാനിക്കപ്പെട്ട സൈന്യങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഒരു വ്യക്തിയെയോ കുടുംബത്തെയോ ചുറ്റിപ്പറ്റിയാണ് അവയുടെ ഘടന. ലിബിയ, യമന്‍, ഒരു പരിധിവരെ സൗദി അറേബ്യ- ഇവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ജനകീയ പ്രക്ഷോഭങ്ങളെ എന്തു വിലകൊടുത്തും അടിച്ചമര്‍ത്താന്‍  ഈ സൈന്യങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കും. കാരണം, സൈന്യത്തിന്‍െറ അതിജീവനമാണ് രാഷ്ട്രീയമാറ്റത്തിലൂടെ അപകടത്തിലാവുന്നത്. പുതിയൊരു രാഷ്ട്രീയക്രമം പുതിയൊരു സൈന്യത്തിന്‍െറ സംവിധാനം അനിവാര്യമാക്കുന്ന അവസ്ഥയാണ് ഇത്തരം രാജ്യങ്ങളിലുള്ളത്. 
  3. മതപരമോ വംശീയമോ ആയ വിഭാഗങ്ങളുടെ മേധാവിത്വത്തിലൂന്നി നിലനില്‍ക്കുന്ന സൈന്യങ്ങളാണ് മൂന്നാമത്തെ വിഭാഗം. അധീശവിഭാഗത്തിന്‍െറ പ്രാബല്യം നിലനിര്‍ത്താന്‍ പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇത്തരം സൈന്യങ്ങളുടെ സംവിധാനം. സിറിയ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഇതില്‍പ്പെടും. സൗദി സൈന്യം രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങളില്‍ ഒരേപോലെ ഉള്‍പ്പെടും. പടിഞ്ഞാറന്‍-മധ്യ അറേബ്യയില്‍നിന്നുള്ള ഗോത്രവിഭാഗങ്ങളാണ് സൗദി സൈന്യത്തിലെ ഭൂരിഭാഗവും. സൗദി രാജകുടുംബത്തോടുള്ള കൂറ് നിയമനത്തിലെ മുന്നുപാധിയാണ്. കിഴക്കന്‍ അറേബ്യയില്‍നിന്നുള്ള ശിയാക്കള്‍ക്ക് സൈന്യത്തില്‍ സാന്നിധ്യമില്ല.

രണ്ടാമത്തെ സംഗതി സമ്പദ്വ്യവസ്ഥയാണ്. സമ്പദ്വ്യവസ്ഥയുടെ മേലുള്ള സമ്പൂര്‍ണമായ ഭരണകൂടനിയന്ത്രണം അറബ് സ്വേച്ഛാധിപത്യങ്ങളുടെ അതിജീവനത്തിന്‍െറ  മുഖ്യകാരണങ്ങളിലൊന്നായിരുന്നു.  എണ്ണസമ്പത്തുള്ള രാജ്യങ്ങള്‍ അഭൂതപൂര്‍വമായ തങ്ങളുടെ വരുമാനം തന്ത്രപരമായി പൗരന്മാര്‍ക്കിടയില്‍ വിതരണംചെയ്യുകയും ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്‍െറ ഒരറബ് മാതൃകതന്നെ സൃഷ്ടിക്കുകയും ചെയ്തു. സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ജനസംഖ്യ വളരെ കുറവായതിനാല്‍ ഈ നയം ഏറക്കുറെ വിജയകരവുമായിരുന്നു. സൗദി അറേബ്യക്കും ഈ നയം പൂര്‍ണ പരാജയമായിരുന്നുവെന്ന് പറയാനാവില്ല. 2011 ഫെബ്രുവരിയില്‍ 100 ബില്യനിലേറെ ഡോളറാണ് സാമൂഹികക്ഷേമമേഖലക്കായി സൗദി അറേബ്യ പ്രഖ്യാപിച്ചത്. എണ്ണസമ്പത്തുള്ള രാജ്യങ്ങളില്‍ ലിബിയയുടെ ഖദ്ദാഫി മാത്രമാണ് ഇക്കാര്യത്തില്‍ മുഖംതിരിച്ചത്. അതിന്‍െറ ഫലം വ്യക്തവുമാണല്ളോ. എണ്ണസമ്പത്തില്ലാത്ത രാജ്യങ്ങള്‍ സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും നവലിബറല്‍ നയസ്വീകാരത്തിനും നിര്‍ബന്ധിതരായി. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഏറ്റവും മാതൃകാപരമായും സമഗ്രമായും നടപ്പാക്കിയതിന്  ഐ.എം.എഫ് അന്തര്‍ദേശീയ നാണയനിധി 2010ല്‍ നിര്‍ലോഭം പ്രശംസിച്ച രണ്ടു രാജ്യങ്ങളായിരുന്നു ഈജിപ്തും തുനീഷ്യയും. ഈ രണ്ടു രാജ്യങ്ങളില്‍തന്നെയാണ് ആദ്യം വിപ്ളവങ്ങള്‍ നടന്നതെന്നത് ഒരിക്കലും യാദൃച്ഛികമല്ല. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഉച്ചനീചത്വങ്ങള്‍ പ്രബലമാവുകയും ജനകീയ മുന്നേറ്റത്തിനുള്ള ഭൗതിക സാഹചര്യം സംജാതമാവുകയും ചെയ്തു. 


മൂന്നാമത്തെ ഘടകം ഇസ്ലാമിസ്റ്റുകളുടെ സാന്നിധ്യമാണ്. ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സാംസ്കാരിക വശങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം തീര്‍ച്ചയായും ഈ പുസ്തകത്തിന് മാറ്റ് കൂട്ടുമായിരുന്നു. ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലും ഭാവി അറബ് രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായകമായ- ഒരുപക്ഷേ, ഏറ്റവും നിര്‍ണായകമായ ഘടകമാണ് ഇസ്ലാമിസ്റ്റ് സംഘടനകള്‍. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിട്ടുള്ളത്രതന്നെ ആന്തരിക വൈരുധ്യങ്ങളും അവാന്തരവിഭാഗങ്ങളും ഇസ്ലാമിസത്തിനുള്ളിലും ഉണ്ടായിട്ടുണ്ട്. ആ സമഗ്രതയില്‍ അതിനെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അടുത്ത പതിപ്പില്‍ ഇതുകൂടി പരിഗണിക്കണമെന്ന് ഗ്രന്ഥകര്‍ത്താവിനോട് അഭ്യര്‍ഥിക്കുകയാണ്.




അറബ്വസന്തത്തിന്‍െറ വര്‍ത്തമാനം അറബിയിലുള്ള മൂലകൃതികളുടെ  ബലത്തില്‍ വിവരിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.  തന്‍െറ സ്വന്തം ആഭിമുഖ്യത്തെയും ആശയപരമായ അനുഭാവങ്ങളെയും ഹിതകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താനും അത് പുസ്തകത്തിന്‍െറ വസ്തുനിഷ്ഠതക്ക് വിഘാതമാകാതിരിക്കാനും ഗ്രന്ഥകാരന്‍ ചെലുത്തിയ ശ്രദ്ധ, സംവാദം വിവാദമാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വലിയ പാഠമാണ്.


കടപ്പാട് മാധ്യമം ആഴ്ചപ്പതിപ്പ് 


Share/Bookmark

No comments: